രാത്രി മുഴുവൻ മഴയായിരുന്നു

Share:

Listens: 0

Mozhi Podcast

Education


പ്രിയപ്പെട്ട ജിബിൻ, ചില കാഴ്ചകൾ, ചില ശബ്ദങ്ങൾ. ഇവ ഓർമയിൽ സൂക്ഷിക്കുന്ന ചില നിധികളിലേക്കുള്ള ചങ്ങലകളായി വർത്തിക്കാറുണ്ട്. ഇവ ഓർമ്മയെ ഉത്തേജിപ്പിക്കുകയും, തൽഫലമായി ചില ഗതകാല സംഭവങ്ങൾ മനസ്സിന്റെ തിരശീലയിൽ അനാവൃതമാവുകയും ചെയ്യും. കഴിഞ്ഞ ദിവസം പഴയ ഒരു പാട്ടു കേട്ടു "രാത്രി മുഴുവൻ മഴയായിരുന്നു, മനസ്സു നിറയെ കുളിരായിരുന്നു..." ബിച്ചു തിരുമല എഴുതി, ജെറി അമൽദേവ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം "എന്നും മാറോടണയ്ക്കാൻ" എന്ന ചിത്രത്തിൽ ഉള്ളതാണ്. സിനിമ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഈ ഗാനം പണ്ട് ഒരുപാടു തവണ കേട്ടിട്ടുണ്ട്. സുനിലിന്റെ മുറിയിൽ നിന്ന്. തൃശൂരിൽ പഠിക്കുന്ന കാലത്തു ആദ്യം കുറച്ചുനാൾ സുനിലും, തോമാച്ചനും, വിനോദും, നാസറും ഞാനും ഒക്കെ ഒരു മുറിയിൽ  ആയിരുന്നു. പിന്നീട് ഞാനും സുനിലും രണ്ടു മുറികളിൽ ആയി. എങ്കിലും ഞാൻ കതകു തുറന്നാൽ മുന്നിൽ കാണുന്നത് സുനിലിന്റെ മുറിയുടെ കതകായിരുന്നു. സുനിലിന്റെ പാട്ടു പെട്ടിയിൽ നിന്നും കുറെ നാൾ സ്ഥിരമായി ഈ ഗാനം ഞങ്ങളിലേക്ക് ഒഴുകി വരുമായിരുന്നു. എത്ര മനോഹരമായ ഓർമ്മകളാണ് വളരെ ശക്തമായി ഈ ഗാനം പഴമയിൽ നിന്നും വലിച്ചു കൊണ്ട് വരുന്നത്! മണ്ണുത്തി വെറ്റിനറി കോളേജിന്റെ പഴയ ഹോസ്റ്റൽ എന്നും തുറന്നു കിടന്നിരുന്നു. വേനൽക്കാലങ്ങളിൽ നക്ഷത്രങ്ങൾ കണ്ടുകൊണ്ടു ടെറസിൽ ഉറങ്ങാൻ കിടന്നിരുന്നു. മഴക്കാലങ്ങളിൽ ജനാലകൾ അടച്ചു പൂട്ടി, ക്ലാസ് കട്ട് ചെയ്തു  ചുരുണ്ടു കൂടിയിരുന്നു. എപ്പോഴും പണിയിൽ വ്യാപൃതനായിരുന്ന തോട്ടക്കാരൻ റപ്പായി, മുറികൾ വൃത്തിയാക്കാൻ വരുന്ന അമ്മിണി എന്ന വല്യമ്മച്ചി, മെസ്സിലെ രാധാകൃഷ്ണൻ, സതി അങ്ങിനെ എത്രയോ പേർ.  രാഷ്ട്രീയ വൈരവും,  അനുബന്ധ കാലുഷ്യവും ഉണ്ടായിരുന്നെകിലും രാത്രികാലങ്ങളിലെ നൃത്ത സംഗീത സപര്യകളെ അതു ബാധിച്ചിരുന്നില്ല. കോറിഡോറുകളുടെ സംഗമത്തിലെ സംഗീത സാന്ദ്രമായ വിശാലമായ ഇടത്തിൽ അത്താഴത്തിനു ശേഷം അരണ്ട വെളിച്ചത്തിൽ ഒത്തു കൂടുമ്പോൾ സോഷ്യലിസമായിരുന്നു പാലിച്ചിരുന്നത്. പാട്ടിനൊത്തു സ്വിങ് ചെയ്യുമ്പോൾ സീനിയർ ജൂനിയർ അകൽച്ചകൾ ഉണ്ടായിരുന്നില്ല. പഴയ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകൾ  ധാരാളമായി മ്യൂസിക്  റൂമിൽ ഉണ്ടായിരുന്നു.  മനോഹരമായ ഒരു ഗാർഡൻ ഹോസ്റ്റലിനു മുന്നിലുണ്ടായിരുന്നു. പിന്നെ ടെറസ്സിൽ 'വാട്ടർ റ്റാങ്കിൽ' നിന്നും നേരിട്ട് വെള്ളമെടുത്തു  തുണിയില്ലാതെ കുളിക്കുന്നവരെ കണ്ടു ആനന്ദിക്കാൻ 'ഹൈ വേ' യ്ക്ക് മറു വശത്തു ഒരു പോലീസ് സ്റ്റേഷനും. ഓർമ്മകൾ... എത്രയെത്ര ഓർമ്മകൾ... ജിബിൻ, നിനക്കും ഉണ്ടാകും ഓർമ്മകളെ ബന്ധിപ്പിക്കുന്ന പാട്ടുകൾ. ഭൂതകാലത്തിന്റെ പച്ചപ്പുകളിലേക്കു ഊഴ്ന്നിറങ്ങാൻ ഉതകുന്ന പഴയ പഴയ പാട്ടുകൾ. Read at http://mozhi.org --- Send in a voice message: https://anchor.fm/mozhiorg/message